Month: ഏപ്രിൽ 2021

സൗഖ്യത്തിനായി ഒരു വൃക്ഷം

ഏകദേശം 2.19 കോടി രൂപയ്ക്ക്, നിങ്ങള്‍ക്ക് ഒരു പുതിയ മക്ക്‌ലാരന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ വാങ്ങാന്‍ കഴിയും. 710 കുതിരശക്തി ഉള്ള വി8 എഞ്ചിനാണ് വാഹനത്തിനുള്ളത്. നിങ്ങളുടെ പ്രഭാത യാത്രയ്ക്ക് ആവശ്യമായതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.

തീര്‍ച്ചയായും, ആ ശക്തി മുഴുവനും ഉപയോഗിക്കാന്‍ നിങ്ങള്‍ക്കു പ്രലോഭനമുണ്ടായേക്കാം. ഒരു ഡ്രൈവര്‍ തന്റെ കാര്‍ വളരെ വേഗതയുള്ളതാണെന്നു മനസ്സിലാക്കി. അത് ഒരു മികച്ച ഷോറൂമില്‍ നിന്ന് വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആക്രിക്കൂമ്പാരത്തിലേക്കു തള്ളപ്പെട്ടു! കാര്‍ വാങ്ങി ഒരു ദിവസത്തിനുശേഷം അയാള്‍ അത് ഒരു മരത്തില്‍ കൊണ്ടിടിച്ചു (അയാള്‍ രക്ഷപ്പെട്ടു, നന്ദി).

ബൈബിളിലെ കഥ തുടങ്ങി മൂന്ന് അധ്യായങ്ങള്‍ക്കുശേഷം, തെറ്റായ ഒരു തിരഞ്ഞെടുപ്പും ഒരു വൃക്ഷവും ദൈവത്തിന്റെ നല്ല സൃഷ്ടിയെ എങ്ങനെ ബാധിച്ചുവെന്ന് നാം മനസ്സിലാക്കുന്നു. ആദാമും ഹവ്വായും, ഫലം ഭക്ഷിക്കരുതെന്ന് അവരെ വിലക്കിയിരുന്ന ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു (ഉല്പത്തി 3:11). കഥ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളു, പക്ഷേ പറുദീസ ശപിക്കപ്പെട്ടു (വാ. 14-19).

ഈ ശാപം ഇല്ലാതാക്കുന്നതില്‍ മറ്റൊരു വൃക്ഷം പങ്കു വഹിച്ചു - യേശു നമുക്കുവേണ്ടി വഹിച്ച ക്രൂശ്. അവന്റെ മരണം, അവനോടൊപ്പമുള്ള ഒരു ഭാവി നമുക്കായി വിലയ്ക്കു വാങ്ങി (ആവര്‍ത്തനം 21:23; ഗലാത്യര്‍ 3:13).

ബൈബിളിന്റെ അവസാന അധ്യായത്തില്‍ ഈ കഥ പൂര്‍ണ്ണമാകുന്നു. 'ജീവജല' നദിയുടെ കരയില്‍ വളരുന്ന 'ജീവവൃക്ഷ''ത്തെക്കുറിച്ച് അവിടെ നാം വായിക്കുന്നു (വെളിപ്പാട് 22:1-2). യോഹന്നാന്‍ വിവരിക്കുന്നതുപോലെ, 'വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു'' (വാ. 2). 'യാതൊരു ശാപവും ഇനി ഉണ്ടാകയില്ല' എന്നവന്‍ ഉറപ്പു നല്‍കുന്നു (വാ. 3). നാമെല്ലാവരും കൊതിച്ച, അവര്‍ എക്കാലവും സന്തോഷത്തോടെ ജീവിക്കും, എന്ന പര്യവസാനത്തില്‍ ദൈവത്തിന്റെ കഥ എത്തിച്ചേരുന്നു.

ദൈവത്തോടൊപ്പമുള്ള ഏറ്റവും നല്ലത്

എന്റെ കൊച്ചുമകള്‍, അവളുടെ കോളേജ് വോളിബോള്‍ റ്റീമില്‍വെച്ച്,  വിജയിക്കുന്ന ഒരു തത്വം പഠിച്ചു. പന്ത് അവളുടെ വഴിയില്‍ വന്നപ്പോള്‍, എന്തു സംഭവിച്ചാലും, അവള്‍ക്ക് 'പന്തു മികച്ചതാക്കാന്‍' കഴിയും. ചീത്ത പറയുകയോ, കുറ്റപ്പെടുത്തുകയോ, ന്യായീകരണങ്ങള്‍ നിരത്തുകയോ ചെയ്യാതെ, അവളുടെ റ്റീമംഗങ്ങളെ മികച്ച സാഹചര്യത്തിലേക്കു നയിക്കുന്ന ഒരു കളി പുറത്തെടുക്കാന്‍ അവള്‍ക്കു കഴിയും. 

ബാബിലോന്യരാജാവായ നെബൂഖദ്‌നേസര്‍ ദാനീയേലിനെയും മൂന്ന് എബ്രായ സ്‌നേഹിതരെയും അടിമകളായി ബാബിലേണിലേക്കു കൊണ്ടുപോയപ്പോള്‍ ദാനീയേലിന്റെ പ്രതികരണം അങ്ങനെയായിരുന്നു. അവര്‍ക്കു ജാതീയ പേരുകള്‍ നല്‍കുകയും ശത്രുവിന്റെ കൊട്ടാരത്തില്‍ മൂന്നുവര്‍ഷത്തെ 'പരിശീലനം'' നേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും, ദാനീയേല്‍ പ്രകോപിതനായില്ല. പകരം, സമ്പന്നമായ രാജകീയഭക്ഷണവും വീഞ്ഞും കഴിച്ചുകൊണ്ട് ദൈവസന്നിധിയില്‍ അശുദ്ധമാകാതിരിക്കാന്‍ അവന്‍ അനുവാദം ചോദിച്ചു. കൗതുകകരമായ ഈ ബൈബിള്‍ കഥ വ്യക്തമാക്കുന്നതുപോലെ, പച്ചക്കറികളും വെള്ളവും മാത്രം പത്തുദിവസം കഴിച്ചശേഷം (ദാനീയേല്‍ 1:12), ദാനീയേലിന്റെയും കൂട്ടുകാരുടെയും മുഖം 'രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവര്‍ മാംസപുഷ്ടിയുള്ളവരും' ആയി കാണപ്പെട്ടു (വാ. 15).

മറ്റൊരു സന്ദര്‍ഭത്തില്‍, രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്‌നം എന്തെന്നു പറയാനും അര്‍ത്ഥം വ്യാഖ്യാനിക്കാനും കഴിയുന്നില്ലെങ്കില്‍, ദാനീയേലിനെയും കൊട്ടാരത്തിലെ എല്ലാ വിദ്വാന്മാരെയും കൊല്ലുമെന്ന് നെബൂഖദ്‌നേസര്‍ ഭീഷണിപ്പെടുത്തി. അപ്പോഴും, ദാനീയേല്‍ പരിഭ്രാന്തനായില്ല, പകരം 'സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചു'' 'ആ രഹസ്യം ദാനീയേലിനു രാത്രി ദര്‍ശനത്തില്‍ വെളിപ്പെട്ടു'' (2:18-19). ദാനിയേല്‍ ദൈവത്തെക്കുറിച്ചു പ്രഖ്യാപിച്ചതുപോലെ, 'ജ്ഞാനവും ബലവും അവനുള്ളതല്ലോ'' (വാ. 20). പ്രവാസകാലത്തുടനീളം, ദാനീയേല്‍ താന്‍ നേരിട്ട പോരാട്ടങ്ങളുടെയെല്ലാമിടയില്‍ ദൈവത്തിന്റെ ഏറ്റവും മികച്ചത് അന്വേഷിച്ചു. നമ്മുടെ കഷ്ടതകളില്‍, നമുക്ക് ആ മാതൃക പിന്തുടര്‍ന്നുകൊണ്ട് ആ സാഹചര്യത്തെ ദൈവത്തിങ്കലേക്കു കൊണ്ടുപോകുന്നതിലൂടെ അതിനെ മെച്ചപ്പെടുത്താം.  

പുതിയ കണ്ണുകളിലൂടെ കാണുക

ഒരു സാംസ്‌കാരികപ്രതിഭാസമായി മാറിയ ഒരു വീഡിയോ ഗെയിമില്‍, ഒരു വെര്‍ച്വല്‍ ദ്വീപില്‍ നൂറു കളിക്കാരെ ആക്കിയിട്ട് ഒരു കളിക്കാരന്‍ അവശേഷിക്കുന്നതുവരെ പോരാടുന്നു. ഒരു കളിക്കാരന്‍ നിങ്ങളെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുമ്പോഴെല്ലാം, ആ കളിക്കാരന്റെ വീക്ഷണ പോയിന്റിലൂടെ നിങ്ങള്‍ക്ക് തുടര്‍ന്നും കാണാന്‍ കഴിയും. ഒരു പത്രപ്രവര്‍ത്തകന്‍ സൂചിപ്പിക്കുന്നതുപോലെ, 'നിങ്ങള്‍ മറ്റൊരു കളിക്കാരന്റെ ഷൂസില്‍ കാലെടുത്തുവയ്ക്കുകയും അവരുടെ കാഴ്ചപ്പാടില്‍ വസിക്കുകയും ചെയ്യുമ്പോള്‍, വൈകാരിക സ്ഥിതി. . . സ്വയ-സംരക്ഷണത്തില്‍നിന്നു മാറി. . . സാമുദായിക ഐക്യത്തിലേക്കു മാറുകയും . . . അല്പം മുമ്പ്, നിങ്ങളെ ഇല്ലായ്മ ചെയ്ത അപരിചിതനില്‍ നിങ്ങളെത്തന്നെ അനുഭവിക്കാന്‍ തുടങ്ങുന്നു.'

മറ്റൊരാളുടെ അനുഭവം കാണാനായി നാം നമ്മെത്തന്നെ തുറന്നുകൊടുക്കുകയും  നമ്മുടെ സ്വന്തം കാഴ്ചപ്പാടിനപ്പുറത്തേക്കു നോക്കി മറ്റൊരാളുടെ വേദന, ഭയം അല്ലെങ്കില്‍ പ്രതീക്ഷകള്‍ നേരിടുകയും ചെയ്യുമ്പോഴെല്ലാം രൂപാന്തരം സംഭവിക്കുന്നു. നാം യേശുവിന്റെ മാതൃക പിന്തുടര്‍ന്ന് 'ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ'' പകരം 'താഴ്മയോടെ മറ്റുള്ളവനെ നമ്മെക്കാള്‍ ശ്രേഷ്ഠന്‍ എന്നെണ്ണുമ്പോള്‍'' മറിച്ചായിരുന്നെങ്കില്‍ നമുക്കു നഷ്ടമാകുമായിരുന്ന കാര്യങ്ങള്‍ കാണാന്‍ നാം പ്രാപ്തരാകുന്നു (ഫിലി. 2:3). നമ്മുടെ താല്പര്യങ്ങള്‍ വിശാലമാകുന്നു. നാം വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മുടെ സ്വന്തം ആവശ്യങ്ങള്‍, അല്ലെങ്കില്‍ ഉത്ക്കണ്ഠ എന്നിവയില്‍ മാത്രം മുഴുകുന്നതിനുപകരം, മറ്റുള്ളവരുടെ ക്ഷേമത്തിനായി നാം നമ്മെത്തന്നെ നിക്ഷേപിക്കുന്നു. നമ്മുടെ 'സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ'' നാം നോക്കുന്നു (വാ. 4). നാം അഭിവൃദ്ധി പ്രാപിക്കണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളെ സംരക്ഷിക്കുന്നതിനുപകരം, മറ്റുള്ളവരെ വളരാന്‍ സഹായിക്കുന്നതെന്തും നാം സന്തോഷത്തോടെ പിന്തുടരുന്നു.

രൂപാന്തരപ്പെട്ട ഈ കാഴ്ചപ്പാടിലൂടെ നാം മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുന്നു. നമ്മുടെ കുടുംബത്തെ സ്‌നേഹിക്കാനുള്ള പുതിയ വഴികള്‍ നാം കണ്ടെത്തുന്നു. ഒരു ശത്രുവില്‍ നിന്നുപോലും നാം ഒരു സ്‌നേഹിതനെ ഉണ്ടാക്കിയേക്കാം!

സര്‍വ്വാശ്വാസങ്ങളുടെയും ദൈവം

റ്റിമ്മി എന്ന പൂച്ചക്കുട്ടി സുഖം പ്രാപിക്കാന്‍ കഴിയാത്തവിധം രോഗാവസ്ഥയിലാണെന്നു കരുതി, ഉടമ അതിനെ ഒരു മൃഗസംരക്ഷണകേന്ദ്രത്തിലാക്കി. അവര്‍ അതിനെ ചികിത്സിച്ച് ആരോഗ്യത്തിലേക്കു തിരികെ കൊണ്ടുവന്നശേഷം,  മൃഗഡോക്ടര്‍ അതിനെ ദത്തെടുത്തു. തുടര്‍ന്ന് അത് അഭയകേന്ദ്രത്തിലെ മുഴുസമയ അന്തേവാസിയായിത്തീര്‍ന്നു. ഇപ്പോള്‍ അത് തന്റെ ഹൃദ്യമായ സാന്നിധ്യം കൊണ്ടും സൗമ്യമായ മുരള്‍ച്ചകൊണ്ടും, ശസ്ത്രക്രിയ കഴിഞ്ഞതോ അല്ലെങ്കില്‍ രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്നതോ ആയ പൂച്ചകളെയും നായ്ക്കളെയും ആശ്വസിപ്പിച്ചുകൊണ്ടു സമയം ചെലവഴിക്കുന്നു.

നമ്മുടെ സ്‌നേഹവാനായ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നുവെന്നും അതിനു പകരമായി മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തുചെയ്യാനാകുമെന്നും ഉള്ളതിന്റെ ഒരു ചെറിയ ചിത്രമാണ് ആ കഥ. നമ്മുടെ രോഗങ്ങളിലും പോരാട്ടങ്ങളിലും അവിടുന്നു നമ്മെ പരിപാലിക്കുകയും അവിടുത്തെ സാന്നിധ്യത്താല്‍ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 2 കൊരിന്ത്യരില്‍, അപ്പൊസ്തലനായ പൗലൊസ് നമ്മുടെ ദൈവത്തെ 'മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നല്കുന്ന ദൈവവും' എന്നു വിളിക്കുന്നു (1: 3). നാം നിരുത്സാഹപ്പെടുകയോ വിഷാദം അനുഭവിക്കുകയോ മോശമായ പെരുമാറ്റം നേരിടുകയോ ചെയ്യുമ്പോള്‍, അവിടുന്നു നമുക്കായി അവിടെയുണ്ട്. പ്രാര്‍ത്ഥനയില്‍ നാം അവിടുത്തെ സന്നിധിയിലേക്കു തിരിയുമ്പോള്‍, 'നമ്മുടെ കഷ്ടത്തില്‍ ഒക്കെയും അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു' (വാ. 4).

പക്ഷേ, 4-ാം വാക്യം അവിടെ അവസാനിക്കുന്നില്ല. തീവ്രമായ കഷ്ടതകള്‍ അനുഭവിച്ച പൗലൊസ് തുടരുന്നു, 'ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാന്‍ ശക്തരാകേണ്ടതിനാണത്.'' നമ്മുടെ പിതാവു നമ്മെ ആശ്വസിപ്പിക്കുകയും, നാം അവിടുത്തെ ആശ്വാസം അനുഭവിക്കുമ്പോള്‍, മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ നാം പ്രാപ്തരാകയും ചെയ്യുന്നു.

നമുക്കുവേണ്ടി കഷ്ടം സഹിച്ച നമ്മുടെ മനസ്സലിവുള്ള രക്ഷകന്‍, നമ്മുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവനാണ് (വാ. 5). നമ്മുടെ വേദനയിലൂടെ അവിടുന്നു നമ്മെ സഹായിക്കുകയും മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാന്‍ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു. 

ബുദ്ധിമുട്ടേറിയ ആളുകള്‍

ഒരു ബ്രിട്ടീഷ് ചരിത്രകാരിയും റ്റിവി അവതാരകയുമാണു ലൂസി വോര്‍സ്‌ലി. സമൂഹത്തില്‍ പ്രശസ്തരായവര്‍ അധികപേരും സാധാരണ നേരിടുന്നതുപോലെ അവള്‍ക്കും മോശമായ മെയിലുകള്‍ ലഭിക്കാറുണ്ട് - അവളുടെ കാര്യത്തില്‍ സംസാരത്തിലെ ചെറിയൊരു വൈകല്യം നിമിത്തം 'r' എന്നത് 'w' എന്നാണവള്‍ ഉച്ചരിക്കുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. ഒരാളെഴുതി: “ലൂസി, ഞാന്‍ തുറന്നങ്ങു പറയുകയാണ്: ഒന്നുകില്‍ ദയവായി നിങ്ങളുടെ അലസമായ പ്രസംഗം തിരുത്താന്‍ കഠിനമായി ശ്രമിക്കുക, അല്ലെങ്കില്‍ സ്‌ക്രിപ്റ്റില്‍നിന്ന് 'r' നീക്കം ചെയ്യുക - നിങ്ങളുടെ റ്റിവി പരിപാടി ആദിയോടന്തം കാണാനെനിക്കു കഴിയുന്നില്ല, അതെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു. ആദരവോടെ, ഡാരന്‍.'’

ചില ആളുകളെ സംബന്ധിച്ച്, ഇതുപോലുള്ള വിവേകശൂന്യമായ ഒരു അഭിപ്രായം സമാന നിലയില്‍ പരുഷമായ മറുപടി നല്‍കാന്‍ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ലൂസി പ്രതികരിച്ചതെങ്ങനെയെന്നത്: “ഓ, ഡാരന്‍, താങ്കള്‍ എന്റെ മുഖത്തു നോക്കി പറയാന്‍ മടിക്കുന്ന ചിലതു പറയാന്‍ ഇന്റര്‍നെറ്റിന്റെ അജ്ഞാതത്വം ഉപയോഗിച്ചുവെന്നു ഞാന്‍ കരുതുന്നു. താങ്കളുടെ നിഷ്‌കരുണമായ വാക്കുകള്‍ പുനര്‍വിചിന്തനം ചെയ്യുക! ലൂസി.’’

ലൂസിയുടെ അളന്നുകുറിച്ച പ്രതികരണം ഫലം കണ്ടു. ഡാരന്‍ ക്ഷമ ചോദിക്കുകയും അത്തരമൊരു ഇമെയില്‍ വീണ്ടും ആര്‍ക്കും അയയ്ക്കില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു.

സദൃശവാക്യങ്ങള്‍ പറയുന്നു: 'മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു' (15:1). കോപിഷ്ഠനായ വ്യക്തി കാര്യങ്ങള്‍ ഇളക്കിവിടുമ്പോള്‍, ക്ഷമാശീലന്‍ അതിനെ ശാന്തമാക്കുന്നു (വാ. 18). ഒരു സഹപ്രവര്‍ത്തകനില്‍നിന്ന് ഒരു വിമര്‍ശനാത്മക അഭിപ്രായം, അല്ലെങ്കില്‍ ഒരു കുടുംബാംഗത്തില്‍ നിന്നുള്ള ഒരു വിലകുറഞ്ഞ പരാമര്‍ശം, അല്ലെങ്കില്‍ അപരിചിതനില്‍നിന്നുള്ള മോശമായ മറുപടി എന്നിവ ലഭിക്കുമ്പോള്‍, നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നുണ്ട്: ആളിക്കത്തിക്കുന്ന കോപത്തിന്റെ വാക്കുകള്‍ പറയാം, അല്ലെങ്കില്‍ അവരെ മയപ്പെടുത്തുന്ന ശാന്തമായ വാക്കുകള്‍ പറയാം. 

കോപത്തെ അകറ്റുന്ന വാക്കുകള്‍ സംസാരിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ - അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ ആളുകള്‍ക്കു മാറ്റം വരാന്‍ സഹായിക്കട്ടെ.